കേരളത്തിൽ നിലവിൽ 147000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ കൾ) ആണുള്ളത്. എം.എസ്.എം.ഇ കൾ ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംരംഭകർക്ക് മികച്ച പിന്തുണയാണ് വ്യവസായ വകുപ്പ് നൽകി വരുന്നത്. എന്നാൽ ചുരുക്കം ചില സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ലൈസൻസിങ്, മാർക്കറ്റിങ്, ഫൈനാൻസിംഗ്, തുടങ്ങിയ മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം ഘട്ടത്തിൽ എം.എസ്.എം.ഇ കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചു മികച്ച വളർച്ച ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ സേവനം അവർക്ക് നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വ്യവസായ വകുപ്പ് എം.എസ്.എം.ഇ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് , ലൈസൻസ്, നിയമം, മാർക്കറ്റിങ്, എക്സ്പോർട്ടിങ്, ബാങ്കിങ്, ജി.എസ്.ടി, ടെക്‌നോളജി എന്നീ മേഖലകളിൽ വിഷയ വിദഗ്‌ധരായവരെ എം.എസ്.എം.ഇ ക്ലിനിക്കുകൾക്കായി എംപാനൽ ചെയ്തിട്ടുണ്ട് . ഇതിനായി കേരളത്തിൽ 14 ജില്ലകളിലായി 168 വിഷയ വിദഗ്‌ധരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്.എം.എസ്.എം.ഇ കളുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി ജില്ലാ ഓഫീസിനെയോ താലൂക്ക് ഓഫീസിനെയോ ബന്ധപ്പെട്ടാൽ ഈ വിദഗ്‌ധ സേവനം സൗജന്യമായി വ്യവസായ വകുപ്പ് ലഭ്യമാക്കും. ഈ പദ്ധതിക്കായി ചെലവ് വരുന്ന തുക വ്യവസായ വകുപ്പിന്റെ ഫണ്ടിൽ നിന്നും നൽകുകയും ചെയ്യും. ഇപ്രകാരം വിദഗ്‌ധരുടെ സേവനം ഉപയോഗിച്ച് സംരംഭകരുടെ പ്രശനങ്ങൾ പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ അവരെ സഹായിക്കുക എന്നതാണ് എം.എസ്.എം.ഇ ക്ലിനിക്കുകളുടെ ലക്‌ഷ്യം.

എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് ഇന്ന് (23 /02 /2022) ഉച്ചക്ക് 3: 30 ന് ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലയിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം.എസ്.എം.ഇ ക്ലിനിക്കിനായി എംപാനൽ ചെയ്യപ്പെട്ട വിഷയ വിദഗ്‌ധരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ കെ.എസ്.എസ്.ഐ.എ, സി. ഐ. ഐ , എഫ്.ഐ.സി.സി.ഐ , തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു. ഈ ക്ലിനിക്കിന്റെ പ്രവർത്തനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായകമാകും എന്ന് വിശ്വസിക്കുന്നു.