സംരംഭകരുടെ പരാതി പരിഹാര സംവിധാനം

സംരംഭകർക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനായി 2022ലെ 19-)o നമ്പർ ആക്ട് പ്രകാരം 1999 ലെ കേരള ഇൻഡസ്ട്രിയൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്സ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡവലപ്മെന്റ് ആക്ട്, 1999 (2000 ലെനിയമം5) ന്റെ ഭേദഗതി വഴി നിലവിൽ വന്നിട്ടുള്ള സംവിധാനമാണ് Grievance Redressal System.

ജില്ലാ/സംസ്ഥാന പരാതിപരിഹാരകമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് ഈ സംവിധാനംപ്രവർത്തിക്കുന്നത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാകമ്മിറ്റിക്കും 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിക്കുമാണ് നൽകേണ്ടത്. ജില്ലാ കമ്മിറ്റിയിൽ ജില്ലാകളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമാണ്. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്.

ആക്ട് പ്രകാരമുള്ള സേവനം നൽകുന്നതിൽ എന്തെങ്കിലുംവീഴ്ചയോ കാലതാമസമോ ഉണ്ടായതായി സംസ്ഥാന പരാതി പരിഹാര കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ പ്രസ്തുത വിഷയം സംസ്ഥാന കമ്മിറ്റിക്കു പരിശോധിക്കാവുന്നതും ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതുമാണ്. അതുപോലെ ജില്ലാകമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അതേ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ മതിയായ കാരണം കൂടാതെ സേവനം നൽകുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്ക് ബോധ്യപ്പെടുന്ന പക്ഷം നിയുക്ത ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും ബാധകമായ സർവീസ് ചട്ടങ്ങൾക്ക് കീഴിൽ വകുപ്പുതല നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരസ്ഥാനത്തോട് ശുപാർശചെയ്യുന്നതിനും ആക്ട് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.  ഈ സംവിധാന കാര്യക്ഷമമായും സമയബന്ധിതമായും പ്രവർത്തിക്കുന്നതിനായി ഒരു ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്.

പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക