ഏകജാലക ക്ലിയറൻസ്-ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതികൾ രൂപീകരിച്ച് ചട്ടങ്ങൾ നിലവിൽ വന്നു

 സംസ്ഥാനത്തെ സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരാതി പരിഹാര സമിതികൾ രൂപീകരിച്ച് ഉത്തരവായി. ജില്ലാ സമിതിയിൽ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമാണ് സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്. 5 കോടി രൂപ വരെ നിക്ഷേപമുളള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കമ്മിറ്റിക്കും അതിനു മേലെ നിക്ഷേപമുളള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനുമേലുളള അപ്പീലും സംസ്ഥാന കമ്മിറ്റിക്കുമാണ് നൽകേണ്ടത്. സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ആൻഡ് ഇൻഡസ്ട്രിയൽ ടൌൺഷിപ്പ് ഏരിയ ഡവലപ്മെന്റ് ആക്ട് പ്രകാരമുളള സേവനം നൽകുന്നതിൽ എന്തെങ്കിലും വീഴ്ചയോ കാലതാമസമോ ഉണ്ടായതായി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പ്രസ്തുത വിഷയം സമിതിയ്ക്ക് പരിശോധിക്കാവുന്നതും ഉചിതമായി ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതുമാണ്.

ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ജില്ലാ-സംസ്ഥാനതല സമിതിയ്ക്ക് ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സേവനം നൽകുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുന്നതിനും വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുന്നതിനും വ്യവസ്ഥയുണ്ട്.