ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയർ- 2022

ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2022 നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹി പ്രഗതി മൈദാനിൽ സംഘടിപ്പിച്ചിരിക്കുന്നു   . മേളയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയുടെ നേർക്കാഴ്ചയായി വ്യവസായ വകുപ്പിന്റെ തീം സ്റ്റാൾ സജ്‌ജീകരിച്ചിട്ടുണ്ട്.

 പ്രാചീന കാലത്തെ കേരളത്തിലെ വ്യവസായത്തിന്റെ പ്രതീകമായ ഉരുവിന്റെ മാതൃക മുതൽ കേരളത്തിൽ നിർമിച്ച് ടർക്കിഷ് ,   അമേരിക്കൻ വായുസേനകൾ വരെ ഉപയോഗിക്കുന്ന അത്യന്താധുനിക വിമാന ആന്റിന വരെ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . ട്രേഡ് ഫെയറിന്റെ  ഇത്തവണത്തെ പ്രമേയം ആയ വോക്കൽ ഫോർ ലോക്കൽ , ലോക്കൽ ഫോർ ഗ്ലോബലിനെ അധികരിച്ച് ഭൗമസൂചിക ലഭിച്ച കേരളത്തിലെ വിഭവങ്ങളും കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. എം എസ് എം ഈ നാഷണൽ അവാർഡ് ഉത്പാദന മേഖലയിൽ സൂക്ഷ്മ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സൗപർണിക തെർമിസ്റ്റേർസ്,  രണ്ടാം സ്ഥാനവും എസ് സി വിഭാഗം ഒന്നാം സ്ഥാനവും നേടിയ ശ്രീഭദ്ര പാരമ്പര്യ ചികിത്സാലയം എന്നിവരുടെ ഉത്പന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നുണ്ട്.  ഭൗമ സൂചിക ലഭിച്ച ആറൻമുള കണ്ണാടി , പയ്യന്നൂർ പവിത്ര മോതിരം എന്നിവ ജന ശ്രദ്ധ  ആകർഷിക്കുന്നുണ്ട്.

തീം സ്റ്റാൾ കൂടാതെ കേരളത്തിൽ നിന്നുള്ള 8 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് 4 വാണിജ്യ സ്റ്റാളുകളും വ്യവസായ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് വിഭവങ്ങളായ വെളിച്ചെണ്ണ, സുഗന്ധദ്രവ്യങ്ങൾ, വിവിധ ഇനം ചിപ്സ് എന്നിവ  കൂടാതെ കശുമാങ്ങ, ഇളനീർ കൊണ്ടുള്ള വിഭവങ്ങളും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും വാണിജ്യ  സ്റ്റാളുകളിൽ ലഭ്യമാണ്.