പെയിന്റിംഗ് കോമ്പറ്റീഷൻ
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി ഡയറക്ടറേറ്റ് ഓഫ് ഹാൻഡ്‌ലൂംസും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 18 ശനിയാഴ്ച ഇടുക്കി ടൗൺ ന്യൂമാൻ എൽ.പി. സ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 280 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരവിജയികൾക്ക് പണപ്പരസ്കാരവും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് വസ്ത്രനിർമ്മാണത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും തുടര്‍ന്ന് രക്ഷിതാക്കൾക്കായി സമ്മാനങ്ങളോടെ ക്വിസ് മത്സരവും നടന്നു.
സമാപന സമ്മേളനത്തിൽ ഇടുക്കി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ശ്രീമതി സുഹ്റ പി. അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ലീസിയാമ്മ സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ. ഷിബുഷൈൻ വി.സി. സ്വാഗതം ആശംസിച്ചു. ന്യൂമാൻ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ആൻസി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഉദ്യോഗസ്ഥരുടെ ആശംസകൾക്ക് ശേഷം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി ശോഭമോൾ ടി.എ. നന്ദി രേഖപ്പെടുത്തി.






