എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി

സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് സുസ്ഥിരമായ വളർച്ച കൈവരിക്കുന്നത് ഉറപ്പുവരുത്തുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്  അനുസൃതമായി വ്യവസായ വാണിജ്യ വകുപ്പ്, സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഇൻഷുറൻസ് പരിരക്ഷ നൽകാൻ വേണ്ടി MSME ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. MSME-കൾക്ക് അവരുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന, മുൻകൂട്ടി കാണാൻ കഴിയാത്ത അപകടസാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. MSME നൽകുന്ന വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം വരെ റീഇംബേഴ്‌സ്‌മെന്റ് ആയി നൽകുന്ന ഈ പദ്ധതി, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പിലാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിലേക്ക് 30 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തു പ്രവർത്തിക്കുന്ന നാല് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപങ്ങളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ നാല് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപങ്ങളുമായി സർക്കാർ  ധാരണാപത്രം ഒപ്പിട്ടു:

  1. നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
  2. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
  3. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
  4. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

എം എസ് എം ഇ കൾക്കുള്ള ഇൻഷുറൻസിന്റെ നേട്ടങ്ങൾ

പ്രകൃതിദുരന്തങ്ങൾ, തീപിടിത്തം, മോഷണം, അപകടങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ മൂലം MSME കൾക്ക് ബിസിനസിന്റെ സുസ്ഥിരതയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ സംഭവിക്കാം. MSME-കൾക്ക് അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും ഏതെങ്കിലും നഷ്ടത്തിൽ നിന്ന് വേഗത്തിൽ കരകയറാനും മതിയായ ഇൻഷുറൻസ് പരിരക്ഷ സഹായിക്കും. ഇൻഷുറൻസ് കവറേജിലൂടെ സാമ്പത്തിക പരിരക്ഷ നൽകുന്നത് വഴി, MSME-കളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, അവരുടെ ബിസിനസ്സ് വിപുലീകരിക്കാനും അവരെ പ്രോഹത്സാഹിപ്പിക്കും. ഒരു മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ MSME -കളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.

യോഗ്യതയും പരമാവധി ആനുകൂല്യവും

  • ഈ പദ്ധതിയുടെ ഭാഗാമായിട്ടുള്ള നാല് പൊതു മേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നും 2023 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിൽ, ഭാരത് സൂക്ഷ്മ/ലഘു ഉദ്യം സ്കീമിന് കീഴിൽ ഇൻഷുറൻസ് എൻറോൾ ചെയ്തിട്ടുള്ള നിർമ്മാണ, സേവന, വ്യാപാര മേഖലയിലെ എല്ലാ MSME-കളും ഈ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരാണ്.
  • പദ്ധതി പ്രകാരമുള്ള നൽകുന്ന ആനുകൂല്യം റീഇംബേഴ്സ്മെന്റ് രൂപത്തിലാണ് നല്‍കുന്നത്.
  • സംരംഭങ്ങൾക്ക് അവരുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50% (പരമാവധി 2500 രൂപ വരെ) റീഇംബേഴ്‌സ്‌മെന്റിന് അർഹതയുണ്ട്.

അപേക്ഷാ രീതി

  • പദ്ധതിയുടെ ഭാഗമായ നാല് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വാർഷിക പ്രീമിയം മുഴുവൻ അടച്ച് MSME ഇൻഷുറൻസ് പോളിസി വാങ്ങണം
  • അടുത്തതായി അതാത് ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഓൺലൈൻ പോർട്ടൽ വഴി റീഇംബേഴ്‌സ്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കണം; അപേക്ഷയോടൊപ്പം UDYAM രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്, പ്രീമിയം അടച്ച രസീത് എന്നിവയും സമർപ്പിക്കണം
  • ഡയറക്ടറേറ്റിൽ നിന്നും റീഇമ്പേഴ്സ്മെന്റ് തുക (അടച്ച വാർഷിക പ്രീമിയത്തിന്റെ 50% അല്ലെങ്കിൽ 2500 രൂപ ഏതാണ് കുറവ്) കണക്കാക്കി MSME യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മർഗ്ഗനിർദ്ദേശങ്ങൾ  (ഭേദഗതി  വരുത്തിയത്)- സ. ഉ.(സാധാ)നം.678/2024/ID തീയതി:29.07.2024

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ഭേദഗതി വരുത്തിയത്)- ഇവിടെ ക്ലിക്ക് ചെയ്യുക