പുന്നപ്ര ബഹുനില വ്യവസായ സമുച്ചയത്തിന്‍റെയും വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണ ഉദ്ഘാടനം

 

ആലപ്പുഴ ജില്ലയിലെ പുന്നപ്ര ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ ഉദ്ഘാടനവും, വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണ ഉദ്ഘാടനവും പുന്നപ്ര വ്യവസായ എസ്റ്റേറ്റിലെ ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ അങ്കണത്തില്‍ വെച്ച് ബഹു.വ്യവസായ കയര്‍ നിയമ വകുപ്പു മന്ത്രി ശ്രീ.പി.രാജീവ് അവര്‍കള്‍ 2022 മെയ് മാസം 9-ാം തീയതി വൈകിട്ട് 4 മണിയ്ക്ക് നിര്‍വ്വഹിക്കുകയുണ്ടായി.

ഉദ്ഘാടന ചടങ്ങില്‍ ബഹു. അമ്പലപ്പുഴ എം.എല്‍.എ ശ്രീ.എച്ച്.സലാം അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.എ.പി.എം.മുഹമ്മദ് ഹനീഷ്,  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബാ രാകേഷ് , പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സജിതാ സതീശന്‍, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.വിശാഖ് വിജയന്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.കെ.സുധീര്‍, കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ഡബ്ല്യു.ആര്‍ ഹരിനാരായണരാജ്, കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡന്‍റ് ശ്രീ.വി.കെ.ഹരിലാല്‍, വാടയ്ക്കല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.പി.വി.രാജ്കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശ്രീ.സി.ഒ.രഞ്ജിത്ത് തുടങ്ങിയര്‍ പങ്കെടുത്തു.


 

ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന ആശയത്തില്‍ സമുച്ചയം നിര്‍മ്മിച്ചത്. പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ 4251 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ഗാലയില്‍ മൂന്ന് നിലകളിലായി 37 മുറികള്‍ സംരംഭങ്ങള്‍ക്ക് അനുവദിച്ചു നല്‍കുന്നതിനായി ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും, 750 ആളുകള്‍ക്ക് തൊഴിലവസരവും ഗാലയിലെ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആലപ്പുഴ നഗരത്തിന്‍റെ ഹൃദയഭാഗത്തായി 89 സെന്‍റ് ഭൂമിയില്‍ 4180 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും, ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണമാരംഭിക്കുന്നത്.

സംരംഭങ്ങളുടെയും പരമ്പരാഗത മേഖലയുടെയും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും സ്ഥിര വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിക്കുന്ന  വിവിധോദ്ദ്യേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തില്‍ സംരംഭക സഹായ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ  പ്രവര്‍ത്തനത്തിനും വേദി ഒരുങ്ങും. എക്സിബിഷന്‍ ഹാള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍ എന്നിവയ്ക്കും  സൗകര്യമൊരുക്കുന്ന കേന്ദ്രം ഒരു എം.എസ്.എം.ഇ ഹബ്ബ് ആയി മാറും.

 

.