- Details
- Latest News
- 466
മെഷിനറി എക്സ്പോ--
മെഷിനറി എക്സ്പോ--
കേരള ബ്രാന്‍ഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പുവരുത്തി ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി. കേരള ബ്രാന്‍ഡ് പദ്ധതിയ്ക്ക് അപേക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉത്ഘാടനവും ബ്രാന്‍ഡ് ലോഗോയുടെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേരളം ലോകമറിയുന്ന ബ്രാന്‍ഡാണ്. വിദ്യാഭ്യാസം, ആരോഗ്യം ഇവയൊക്കെ ലോകനിലവാരത്തിലുള്ളതാണ്. ലോകവിപണിയില്‍ കേരളത്തിലെ ഉത്പന്നങ്ങളെ സമര്‍ത്ഥമായി വിനിയോഗിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അതിനു വേണ്ടിയാണ് കേരള ബ്രാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ളവ വ്യവസായ വകുപ്പ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളേയും കേരള ബ്രാന്‍ഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകള്‍ രൂപപ്പെടുത്തും. ഹോളോഗ്രാം, ക്യൂ ആര്‍ കോഡ് എന്നിവയിലൂടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കും. പടിപടിയായി കേരളത്തിലെ എല്ലാ വെളിച്ചെണ്ണ മില്ലുകളും സര്‍ട്ടിഫൈഡ് മില്ലുകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. മനുഷ്യന്റെ രുചികള്‍ക്ക് അനുസരിച്ചാണ് മുന്‍പ് ഉത്പന്നങ്ങള്‍ വരുന്നതെങ്കില്‍ ഇപ്പോള്‍ രുചികള്‍ തന്നെ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ കേരളത്തിന്റെ സാധ്യതകളെ ഇതിലൂടെ വിനിയോഗിക്കാനാകും. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ 'മെയ്ഡ് ഇന്‍ കേരള' എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ ഉത്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാന്‍ കഴിയും. കേരളത്തിലെ ചെറുകിട ഇടത്തരം സൂഷ്മ സംരംഭകരുടെ എണ്ണം വര്‍ധിക്കാന്‍ ഇത് സഹായകയമാകും. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടേയും നല്‍കുന്ന സേവനങ്ങളുടേയും മുഖമുദ്രയാണ് ഉയര്‍ന്ന ഗുണനിലവാരം, ധാര്‍മ്മികത തുടങ്ങിയവ. ആഗോള വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ഇവ പരിചയപ്പെടുത്തുക വഴി കേരള ബ്രാന്‍ഡ് ലോക വിപണിയില്‍ സ്ഥാനം പിടിക്കും.
കേരളത്തിലെ സംരംഭകര്‍ക്കും ആഗോള വിപണിയിലെ ഉപഭോക്താക്കള്‍ക്കും ഇത് ഒരുപോലെ ഗുണപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉത്പന്ന നിര്‍മ്മാണം, മുഴുവനായും കേരളത്തില്‍ തന്നെ നിര്‍മ്മിക്കുന്നത്, ബാലവേല പ്രോത്സാഹിപ്പിക്കാത്തത്, ലിംഗ/വര്‍ഗ/ജാതി വിവേചനമില്ലാതെ പ്രവര്‍ത്തിക്കുന്ന ജോലി സ്ഥലങ്ങള്‍, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങള്‍, സാങ്കേതികവിദ്യയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരായ നിര്‍മ്മാതാക്കളുടെ/സേവന ദാതാക്കളുടെ വിപണന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനമായി കേരള ബ്രാന്‍ഡ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു.
ഗുണനിലവാരം ഉറപ്പുവരുത്തി കേരള ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ബ്രാന്‍ഡിങ്ങ് സാക്ഷ്യപത്രം നല്‍കുക വഴി ഉപഭോക്താവിന്റെ വിശ്വാസ്യത നേടാനാവും. ഇത് പൊതുവിപണി സാധ്യതകള്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിനൊപ്പം ഉത്പാദനത്തിലെ ധാര്‍മ്മികതയും ഉയര്‍ത്തി പിടിക്കുന്ന നന്മയാകും കേരള ബ്രാന്‍ഡ് സാക്ഷ്യപത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വ്യവസായ-വാണിജ്യ ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ തനത് ഉത്പന്നം ബ്രാന്‍ഡിങ്ങിലൂടെ ആഗോളവിപണിയിലെത്തുന്നത്. ഇക്കാര്യത്തില്‍ സംരംഭകരുടെ അഭിപ്രായങ്ങളും കേള്‍ക്കും. ഇപ്പോള്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡിങ്ങ് സാക്ഷ്യപത്രത്തിനാണ് അപേക്ഷിക്കാവുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മറ്റ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് സംബന്ധിച്ച പെരുമാറ്റച്ചട്ടം പ്രസിദ്ധീകരിക്കുമെന്നും വ്യവസായ-വാണിജ്യ ഡയറക്ടര്‍ വ്യക്തമാക്കി.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, കെഎസ്‌ഐഡിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആനീ ജൂലാ തോമസ് ഐഎഎസ്, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അജിത്കുമാര്‍. കെ, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, സിഐഐ കേരള പ്രതിനിധി ജിജിമോന്‍ ചന്ദ്രന്‍, ഫിക്കി കേരള പ്രതിനിധി സാവിയോ മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
www.keralabrand.industry.kerala.gov.in എന്ന പോര്‍ട്ടലില്‍ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡിനായി അപേക്ഷിക്കാനാകും. ലതീഷ് ലക്ഷ്മണനാണ് കേരള ബ്രാന്‍ഡിങ്ങിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്.
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മെഷിനറി എക്സ്പോയുടെ അഞ്ചാം പതിപ്പ് മാർച്ച് 11-ന് ബഹു. വ്യവസായ വാണിജ്യ കയര്‍ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് ലക്ഷത്തിൽപരം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആണുള്ളത്. സംരംഭകർക്ക് തങ്ങളുടെ മേഖലയിലെ അത്യാധുനിക, സാങ്കേതിക, നൂതന വിദ്യകൾ, നിർമാണ പരിഹാരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് മെഷിനറി എക്സ്പോ വേദിയൊരുക്കിയിരുന്നത്.
165 സ്റ്റാളുകളിലായി അഗ്രോ അധിഷ്ഠിത, അപ്പാരൽ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ജനറൽ എഞ്ചിനീയറിംഗ്, പാക്കേജിങ്, പ്രിന്റ്റിങ് & 3D പ്രിന്റ്റിങ് മേഖലകളിൽ നിന്നും 97 മെഷിനറി നിർമാതാക്കളും, 11 സാങ്കേതിക സ്ഥാപനങ്ങളും ഈ എക്സ്പോയിൽ പങ്കെടുത്തു. മാലിന്യ സംസ്കരണം, ഇ-മൊബിലിറ്റി, മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ ടെക്നോളോജിസ് മെഷീനുകൾ, മറ്റു നൂതന പ്രോസസ്സിംഗ്, പാക്കേജിങ് മെഷീനുകൾ എന്നിവയിൽ ഊന്നൽ നൽകി സാങ്കേതിക വികസനം, മെഷീനുകളുടെ തത്സമയ ഡെമോ, മറ്റു സാങ്കേതിക വാണിജ്യ വിദ്യകളും എക്സ്പോയില്‍ പ്രദർശിപ്പിച്ചു.കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ നടന്ന മെഷിനറി എക്സ്പോയിൽ 140 സ്റ്റാളുകളിലായി 93 മെഷിനറി നിർമാതാക്കളും, 12 സാങ്കേതിക സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു .
സംരംഭക വർഷത്തിന്റെ ഭാഗമായി പുതുതായി സംരംഭങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയിലെ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണം നടത്തുവാൻ ആവശ്യമായ യന്ത്രസാമഗ്രികൾ നേരിൽ കണ്ട് നിർമ്മാണ രീതികൾ മനസിലാക്കുവാൻ സാധിക്കുന്നതാണ്.ചെറുകിട സംരംഭകർക്ക് അന്യ സംസ്ഥാനങ്ങളിലെ മെഷിനറി നിർമാതാക്കളുമായി നേരിൽ ആശയവിനിമയം നടത്തുവാനും, ഡെമോ നേരിൽ കണ്ട് മനസിലാക്കുവാനും മെഷിനറി എക്സ്പോയിലൂടെ സാധിച്ചു. ആധുനികവത്കരണം നടത്തുവാൻ ഉദ്ദേശിക്കുന്ന നിലവിലുള്ള സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയും, ചിലവുകുറഞ്ഞതുമായ മെഷീനറികൾ അടുത്തറിയുവാൻ എക്സ്പോ വഴിയൊരുക്കി.
പൊതു ജനങ്ങൾക്ക് യന്ത്രങ്ങളും, നിർമാണരീതികളും കണ്ട് മനസിലാക്കി ഓരോ ഉത്പന്നത്തിന്റെയും നിർമാണ ചിലവ്, അതിന്റെ സംരംഭ സാധ്യതകൾ എന്നിവ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കി എടുക്കാനും എക്സ്പോ സഹായകരമായി. ആദ്യ പതിപ്പ് ആരംഭിച്ചതിൽ നിന്നും ഇപ്പോൾ അഞ്ചാം പതിപ്പിൽ എത്തിനിൽക്കുന്ന മെഷിനറി എക്സ്പോയിൽ സ്റ്റാളുകളുടെയും, സന്ദർശകരുടെയും എണ്ണത്തിൽ വൻ വർദ്ധനവ് കാണുവാൻ സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ‘Sq .Ft’ നിരക്കിൽ സ്റ്റാളുകൾ അനുവദിക്കുന്ന ഈ കാലഘട്ടത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ എക്സ്പോയിൽ കുറഞ്ഞ നിരക്കിൽ സ്റ്റാളുകൾ മെഷിനറി നിർമാതാക്കൾക്ക് നൽകുവാൻ കഴിഞ്ഞു .രാജ്യത്തെ മികച്ച യന്ത്ര നിർമാതാക്കളുടെയും, വ്യവസായികളുടെയും സാന്നിധ്യം കൊണ്ട് വരും നാളുകളിൽ സൗത്ത് ഇന്ത്യയിലെ മികച്ച എക്സിബിഷനുകളിൽ ഒന്നായിമാറുവാൻ ഈ മേളക്ക് സാധിക്കും. മെഷിനറി എക്‌സ്‌പോ 2023 മാര്‍ച്ച് 14-ന് സമാപിച്ചു,
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പുതുതായി രൂപീകരിച്ച പ്ലാന്റേഷൻ ഡയറക്ടറേറ്റ് സംഘടിപ്പിച്ച നാല് ദിവസത്തെ പ്ലാന്റേഷൻ എക്‌സ്‌പോ 2023 ഫെബ്രുവരി 16-ന് ബഹു. വ്യവസായ വാണിജ്യ കയര്‍ നിയമ മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ തോട്ടം മേഖലയുടെ 42 ശതമാനത്തോളം കേരളത്തിലാണെങ്കിലും ഈ മേഖലയുടെ സാമ്പത്തിക വികസനത്തിന് നിർണായകമായ സമയമാണ് ഉടൻ തരണം ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് ശ്രീ. പി രാജീവ് സെമിനാറുകളുടെ ചർച്ചകൾക്ക് പശ്ചാത്തലമൊരുക്കി. സംസ്ഥാനത്തെ എം.എസ്.എം.ഇ-കൾക്ക് ലഭിക്കുന്ന എല്ലാ പ്രോത്സാഹനങ്ങളും തോട്ടം മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് ബഹു. വ്യവസായ മന്ത്രി ശ്രീ പി. രാജീവ് പ്രഖ്യാപിച്ചു. വിഷയ വിദഗ്ധര്‍ മുന്നോട്ടുള്ള വരാനിരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ പറ്റിയും, വളർച്ചയുടെ പുതിയ വഴികൾ തേടുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ പ്ലാന്റേഷൻ മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കുവച്ചു. കൂടാതെ തോട്ടം മേഖലയെ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ തോട്ടം ഉൽപന്നങ്ങളുടെ ആഗോള ബ്രാൻഡ് ഉയർത്തുന്നതിനുമുള്ള കാഴ്ചപ്പാടുകളും വിദഗ്ധർ പങ്കുവെച്ചു.
നൂറോളം സ്റ്റാളുകള്‍ പ്ലാന്റേഷന്‍ എക്സ്പോയില്‍ തുറന്നിരുന്നു. വൈവിധ്യമാർന്ന തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, കയറുൽപ്പന്നങ്ങൾ, പാചകവിഭവങ്ങൾ ഉൾപ്പെടെയുള്ള മൂല്യവർധിത ഇനങ്ങളുടെ ശേഖരം എന്നിവയുൾപ്പെടെ സമ്പന്നവും വൈവിധ്യമാർന്നതുമായ തോട്ടം ഉൽപന്നങ്ങൾ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. സൂര്യകാന്തി എക്‌സിബിഷൻ ഗ്രൗണ്ടിൽ സംസ്ഥാനത്ത് ആദ്യമായി നടന്ന എക്‌സ്‌പോയിൽ ആദ്യ ദിനം മുതൽ തന്നെ സന്ദർശകരുടെ പ്രവാഹമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന സെമിനാറുകളിൽ, രാജ്യത്തെ തോട്ടം മേഖല പൊതുവെയും, കേരളത്തിൽ പ്രത്യേകിച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ആഭ്യന്തര, ആഗോള വിപണിയിൽ ഉൽപ്പാദിപ്പിക്കുന്നതിന് ഉൽപന്നങ്ങളുടെ മൂല്യവർദ്ധന, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന കടുത്ത വെല്ലുവിളി നേരിടാൻ സുസ്ഥിരമായ കൃഷിരീതികൾ സ്വീകരിക്കുക എന്നീ കാര്യങ്ങളില്‍ പ്രഭാഷകർ അഭിപ്രായങ്ങള്‍ പങ്കുവച്ചു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഭാഗമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതിന് കേരള സർക്കാരിനെ അസ്സോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എ.പി.കെ) അഭിനന്ദിച്ചു. പ്ലാന്റേഷൻ ഡയറക്‌ടറേറ്റിന്റെ വെബ്‌സൈറ്റും പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ബഹു. വ്യവസായ മന്ത്രി ശ്രീ പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ എക്‌സ്‌പോ 2023 ഫെബ്രുവരി 19-ന് സമാപിച്ചു,
വിദേശത്തുള്ള മലയാളികളെ സംരംഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ബോധവാന്മാരാക്കുകയും അവരെ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുകയും അത് വഴി കേരളത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാസികൾക്കായി 2023 ജനുവരി 12, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ന് 'പ്രവാസി മീറ്റ് 'എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നു. പ്രസ്തുത ശില്പശാല ബഹു. നിയമ വ്യവസായ വാണിജ്യ കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അവര്‍കള്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.
| പ്രസ്തുത പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി | ഇവിടെ ക്ലിക്ക് ചെയ്യുക |
|---|
