ഉണർവ്വായി സംരംഭക വർഷം

        സമഗ്ര വ്യവസായ വൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2022-23 വർഷത്തെ സംരംഭക വർഷമായി പ്രഖ്യാപിച്ചു. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷം നവ സംരംഭങ്ങളാവും ആരംഭിക്കുക. ഇതിലേക്ക് വേണ്ട സഹായങ്ങൾ നൽകാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി. ടെക്, എം.ബി.എ ബിരുദധാരികളെ ഇന്റേൺകളായും താലൂക്ക് തലത്തിൽ റിസോഴ്സ് പേഴ്സണെയും നിയമിച്ചു കഴിഞ്ഞു. സംരംഭകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമിതികളും രൂപീകൃതമായി.

സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മാസം മുതൽ പൊതു ബോധവത്ക്കരണ ശില്പശാല നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് അവസാനമാകുമ്പോഴേക്കും 700ശില്പശാല നടക്കുകയും അതിൽ ഏകദേശം 50000പേർ പങ്കെടുക്കുകയും ചെയ്യും. സംരംഭം തുടങ്ങാൻ താൽപര്യമുളള ആളുകൾക്ക് ശില്പശാലയിലൂടെ പൊതുവായ ബോധവത്ക്കരണം കൊടുത്തതിനു ശേഷം അവർക്ക് ലോൺ, ലൈസൻസ്, സബ്സിഡി തുടങ്ങിയവ ലഭ്യമാക്കാൻ സഹായം നൽകികൊണ്ട് സംരംഭം തുടങ്ങാനുളള കൈത്താങ്ങ് ഈ സംരംഭക വർഷത്തിന്റെ ഭാഗമായി കൊടുക്കുന്നതായിരിക്കും. എല്ലാ വകുപ്പുകളുടെ പങ്കാളിത്തോട് കൂടിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോട് കൂടിയും നടത്തുന്ന ഈ സംരംഭക വർഷം സംരംഭങ്ങൾ തുടങ്ങുന്നതിന് ഒരു വലിയ ഉണർവ്വ് തന്നെ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.