നവസംരംഭകർക്ക് നാല്പതു ലക്ഷം വരെ സബ്സിഡി

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 15  ശതമാമനം വരെ സബ്സിഡിയായി നൽകുന്ന സംരംഭക സഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്! പരമാവധി നാൽപതു ലക്ഷം രൂപ വരെയാണ് ഈ പദ്ധതി വഴി സംരംഭകർക്കു ലഭിയ്ക്കുക.

        ധനകാര്യസ്ഥാപനങ്ങളിൽ നിന്നുളള വായ്പയെടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നിക്ഷേപ സഹായത്തിന്റെ 50 ശതമാനം വരെ സഹായധനമായി ലഭിയ്ക്കും. പരമാവധി 3 ലക്ഷം രൂപയാണ് ഈയിനത്തിൽ ഒരു സംരംഭകന് ലഭിയ്ക്കുന്നത്. നിക്ഷേപ സഹായമായി പൊതു വിഭാഗത്തിന് 15 ശതമാനവും (30 ലക്ഷം വരെ) യുവ സംരംഭകർക്കും എസ്.സി, എസ്.ടി വനിതാ, സംരംഭകർക്കും നിക്ഷേപത്തിന്റെ 25 ശതമാനം (40 ലക്ഷം വരെ) സബ്സിഡിയായി ലഭിയ്ക്കും.   മുൻഗണനാ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കും പിന്നോക്ക ജില്ലകളായ കാസർഗോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുളള സംരംഭകർക്കും 10 ശതമാനം (പരമാവധി 10 ലക്ഷം) അധിക സഹായധനം ലഭിയ്ക്കും. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുളള ഗവേഷണ കേന്ദ്രങ്ങളിൽ നിന്നു സാങ്കേതികവിദ്യ സ്വന്തമാക്കി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി  പത്തുലക്ഷം രൂപയും (10 ശതമാനം) അധിക സഹായമായി നൽകും. സംരംഭങ്ങൾക്കായി വാങ്ങുന്ന ഭൂമി, കെട്ടിടം, ഓഫീസ് യാന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, ജനറേറ്റർ, ഇവയ്ക്കെല്ലാം സഹായധനം ബാധകമാണ് എന്ന പ്രത്യേകതയും ഈ പദ്ധതിയിലുണ്ട്.