വ്യാപാർ 2022-ൽ താരമായി 'ആയുർവേദ യോഗ മാറ്റുകൾ '

രാജ്യാന്തര യോഗാ ദിനമായ ജൂണ് 21 ന് മുന്നോടിയായി ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകൾ വ്യാപാർ 2022 ൽ ശ്രദ്ധയാകർഷിച്ചു. ത്വക്ക് രോഗങ്ങൾ, പാടുകൾ എന്നിവയിൽ നിന്നും സംരക്ഷണം നല്കുമെന്നതാണ് യോഗയ്ക്കും ധ്യാനത്തിനുമൊക്കെ ഉപയോഗിക്കാവുന്ന മാറ്റുകളുടെ പ്രത്യേകത.

ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പ്രദർശനത്തിൽ ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകളെക്കുറിച്ചും തുണിത്തരങ്ങളെക്കുറിച്ചും നിരവധി പ്രതിനിധികൾ അന്വേഷണങ്ങളുമായി എത്തിയിരുന്നു. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ദേശവ്യാപക വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് വ്യാപാർ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്.

തലസ്ഥാനനഗരിയിലെ ബാലരാമപുരം കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ആയുർവസ്ത്ര ടെക്സ്റ്റൈല്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാളിലാണ് ഏഴ് ഔഷധക്കൂട്ടുകളുള്ള ലായനിയിൽ നൂലുകൾ ഡൈ ചെയ്തെടുത്ത് നിര്മ്മിക്കുന്ന യോഗാ മാറ്റും, തുണിത്തരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. സംരംഭത്തെക്കുറിച്ചറിയാനും പങ്കാളിത്തത്തിനതീതമായി രാജ്യത്തുടനീളമുള്ള ബയർമാർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയുർവേദക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന ബെഡ്ഷീറ്റുകൾക്കും മറ്റു ഉല്പ്പന്നങ്ങൾക്കും കൂടുതൽ ആവശ്യക്കാരുണ്ടെന്നും അടുത്തിടെയായി വിദേശത്തുനിന്നും യോഗാ മാറ്റിനായി അന്വേഷണങ്ങൾ വരുന്നുണ്ടെന്നും സ്ഥാപനത്തിന്റെ ജനറല് മാനേജർ ആദർശ് എം.പി പറഞ്ഞു.

ഔഷധ ഗുണം ചേർത്ത് നിർമ്മിക്കുന്ന കുഞ്ഞുടുപ്പ്, ബെഡ്ഷീറ്റ്, തലയണ കവർ, ടവ്വൽ എന്നിവയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ട്. യോഗാ മാറ്റുകളും ഔഷധഗുണം ചേർത്ത് നിർമ്മിക്കുന്ന തുണിത്തരങ്ങളും ഓസ്ട്രേലിയ, ഡെന്മാർക്ക്, അമേരിക്ക, ഹോളണ്ട്, ബ്രസീല് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുണ്ട്. ഖാദി, ലിനൻ, കൈത്തറി ഉൾപ്പെടെയുള്ള തുണിത്തരങ്ങൾക്ക് മഞ്ഞ നിറത്തിന് മൂന്ന് തരത്തിലുളള മഞ്ഞളാണ് ഉപയോഗിക്കുന്നത്. തുളസി, കടുക്ക, മാവില എന്നിവയും മറ്റു നിറങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആദർശ് കൂട്ടിച്ചേർത്തു.