സിഎസ് ഡി കാന്റീനുകളിൽ ഇ-കൊമേഴ്സ് സംവിധാനം ഉടൻ; എംഎസ്എംഇകൾക്ക് ഗുണപ്രദമെന്ന് വ്യാപാർ സെമിനാർ

കൊച്ചി: പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നതിനായി കാന്റീൻ സ്റ്റോര്സ് ഡിപ്പാര്ട്ട്മെന്റ് (സിഎസ് ഡി) ഇ-കൊമേഴ്സ് സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് സിഎസ് ഡി ജനറല് മാനേജർ മേജർ ജനറൽ വൈ.പി. ഖണ്ഡൂരി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള നീക്കത്തിന് ജൂലൈ ഒന്നിന് ചേരുന്ന സിഎസ്ഡി ബോര്ഡ് യോഗം അന്തിമരൂപം നല്കുമെന്നും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യാപാർ 2022 സെമിനാറിൽ സംസാരിക്കവേ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രവര്ത്തനക്ഷമമാകുമ്പോഴും നിലവിലുള്ള 34 ബ്രിക്ക് ആന്ഡ് മോര്ട്ടാർ ഡിപ്പോകൾ പഴയപടി പ്രവര്ത്തിക്കുമെന്ന് 'പര്ച്ചേസ് പ്രോട്ടോക്കോൾ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ ഖണ്ഡൂരി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ സിഎസ് ഡിയുടെ ബിസിനസ് പങ്കാളികളുടെ ഒരു ഭാഗം (മൊത്തം 555 ല് 251) രൂപപ്പെടുത്തുന്നതിനാൽ ഇത് എംഎസ്എംഇകൾക്ക് പ്രയോജനകരമാകും.

രണ്ടുവര്ഷത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സിഎസ് ഡി ഔട്ട്ലറ്റുകൾക്ക് ഓൺലൈൻ രൂപം കൂടി നല്കുന്നത്. 2020 മാർച്ച് മുതൽ നിലവിൽ വന്ന കോവിഡ് പ്രോട്ടോക്കോൾ കാരണം രാജ്യത്തെ 45 ലക്ഷത്തോളം സിഎസ് ഡി ഉദ്യോഗസ്ഥർക്കും പെന്ഷൻകാര്ക്കും നേരിട്ടെത്തി സാധനങ്ങൾ വാങ്ങിക്കാൻ സാധിച്ചിരുന്നില്ല. ഇ-കൊമേഴ്സ് സൗകര്യം നിലവിൽ വരുമ്പോൾ സിഎസ് ഡി കാർഡ് ഉടമകൾക്ക് പ്രതിരോധ കാന്റീനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാകും. ഇന്ത്യയിലുടനീളമുള്ള ഗുണഭോക്താക്കള്ക്ക് പ്ലാറ്റ് ഫോമിന്റെ സേവനം പ്രയോജനപ്പെടും. ഇ-ബുക്കിംഗുകള് എല്ലാ ദിവസവും 24 മണിക്കൂറുമുണ്ടായിരിക്കും. വിതരണം ചെയ്യാതെ സാധനങ്ങള് കുന്നുകൂടുന്നതും ഇതുവഴി ഒഴിവാക്കാനാകും. പലചരക്ക് സാധനങ്ങള്, വീട്ടുസാധനങ്ങള്, സ്റ്റേഷനറികള്, മദ്യം, വാച്ചുകള്, ഭക്ഷണം, മരുന്നുകള് തുടങ്ങിയവയാണ് സിഎസ് ഡി കാന്റീനില് വില്പ്പനയ്ക്കുള്ളത്. ഇവയില് മദ്യമൊഴികെ ബാക്കിയെല്ലാം ഇനി ഓൺലൈനിലും ലഭ്യമാകും. സംസ്ഥാനങ്ങളുടെ ജിഎസ്ടി വഹിക്കേണ്ടതിനാല് മദ്യം കാന്റീനില് നിന്ന് നേരിട്ട് മാത്രമേ നല്കൂ.

രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില് എത്തിക്കേണ്ടതിനാല് ഫ്രീസര് സ്റ്റോറേജ് ആവശ്യമുള്ള സാധനങ്ങള് സിഎസ് ഡി വിതരണം ചെയ്യുന്നില്ല. ന്യായവിലയാണ് കാര്യക്ഷമമായ സപ്ലൈ-ചെയിന് മാനേജ്മെന്റുള്ള സിഎസ് ഡി കാന്റീനുകളുടെ സവിശേഷത. നിലവില് 2,000 ജീവനക്കാര്ക്കു പുറമേ 10,000 പേര്ക്ക് പരോക്ഷമായി സിഎസ് ഡി കാന്റീന് തൊഴില് നല്കുന്നുണ്ടെന്നും ഖണ്ഡൂരി കൂട്ടിച്ചേര്ത്തു.

വ്യവസായ സംരംഭകരുടെ വര്ഷമായി ആചരിക്കുന്ന 2022-23ല് കേരളത്തില് ഇതുവരെ 14,000 എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രീസ് (ഡിഐസി) എറണാകുളം ജനറല് മാനേജര് പി.എ. നജീബ് പറഞ്ഞു. ഈ സാമ്പത്തിക വര്ഷം 100 കോടി രൂപയിലധികം സബ്സിഡിയായി വിതരണം ചെയ്തു. കൂടാതെ 2195 എംഎസ്എംഇകള് കെ-സ്വിഫ്റ്റ് വഴി ലൈസന്സ് നേടുകയും 22,206 പേര്ക്ക് അക്നോളജ്മെന്റ് സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. വിവിധ മേഖലകളില് സംരംഭകരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള സംവിധാനമായാണ് ഭരണകൂടം എംഎസ്എംഇ ക്ലിനിക്കുകള് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ആമസോണ് ഇന്ത്യന് ചാപ്റ്ററിന്റെ സംഭരണ നടപടിക്രമങ്ങളെക്കുറിച്ച് ആമസോണ് കരിഗറിന്റെയും ആമസോണ് സഹേലിയുടെയും പ്രോഗ്രാം മാനേജരായ ശ്വേത ബറവാനി വിശദീകരിച്ചു.