സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം

സംരംഭക വർഷത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സംരംഭകർക്ക് 4% പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്കോട്ട്  ഹോട്ടലിൽ വച്ച് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. പരിപാടിയിൽ ബഹു. വട്ടിയൂർക്കാവ് എം എൽ എ  ശ്രീ വി കേ പ്രകാശ് അദ്ധ്യക്ഷൻ ആയിരുന്നു. പരിപാടിയിൽ എസ് എൽ ബി സി കൺവീനർ ശ്രീ പ്രേംകുമാർ വിഷയാവതരണവും കേ എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടർ ശ്രീ എം ജി രാജമാണിക്കം ഐ എ എസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

വിവിധ ബാങ്കുകളിൽ ഈ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച പതിമൂന്ന് സംരംഭകർക്ക് ബഹു. വ്യവസായ മന്ത്രി വായ്പ വിതരണം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ ഹരികിഷോർ ഐ എ എസ്, കേരള ഫിനാൻസ് കോർപ്പറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീ  പ്രേംനാഥ്,  രവീന്ദ്രനാഥ് വ്യവസായ  അസോസിയേഷൻ പ്രതിനിധികൾ,  വിവിധ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

2022-23 സാമ്പത്തിക വർഷം ആരംഭിക്കുന്ന സംരംഭകർക്ക് ആവശ്യമായ വായ്പകൾക്കായി ഒരു പൊതു പോർട്ടൽ വഴി വിവിധ ബാങ്കുളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പോർട്ടർ ഓഗസ്റ്റ് ഒന്നോട് കൂടി പ്രവർത്തനം ആരംഭിക്കുന്നതാണ് . സംരംഭകർക്ക് വായ്പ 4% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേകം പലിശ ഇളവ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംരംഭക വർഷവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനവും ബഹു. വ്യവസായ വകുപ്പ് മന്ത്രി പ്രസ്തുത പരിപാടിയിൽ വച്ച് നിർവഹിച്ചു.