ഒരു പ്രത്യേക പ്രദേശത്തെ ചെറുകിട, കുടിൽ, ഗ്രാമ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഒരിടത്ത് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1978-ൽ കേന്ദ്രസർക്കാർ 'ജില്ലാ വ്യവസായ കേന്ദ്രം' (ഡിഐസി) ആരംഭിച്ചു.
ചരിത്രപരമായ പെരുമ കൊണ്ടും, കടലും കായലും മലയോരവും ഇടകലർന്ന പ്രകൃതിഭംഗി കൊണ്ടും എന്നും തലയെടുപ്പുള്ള ജില്ലയാണ് കൊല്ലം. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം എന്നിങ്ങനെ ആകെ ആറു റവന്യൂ താലൂക്കുകള്‍ ജില്ലയിലുണ്ട്. തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമായ കൊല്ലം കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃദ്ധവുമാണ്. ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ സാന്നിദ്ധ്യം കൊല്ലത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു പ്രമുഖ മത്സ്യവ്യവസായ കേന്ദ്രമാക്കിത്തീര്‍ക്കുന്നു. പുരാതന കൊല്ലം തുറമുഖം ചൈനയും, അറേബ്യയുമായിട്ടൊക്കെ വ്യാപാരബന്ധം പുലർത്തിയിരുന്നതും, നിരവധി വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് കൂടൊരുക്കിയിരുന്ന ജില്ലയുമാണ് കൊല്ലം. മത്സ്യ സമ്പത്ത്, കാർഷിക വിഭവങ്ങളുടെ ലഭ്യത, കൊല്ലം തുറമുഖത്തിന്റെ സാന്നിദ്ധ്യം, വിവിധ ധാതുക്കളാൽ സമ്പുഷ്ടമായ കടൽത്തീരം, സമീകൃതമായ കാലാവസ്ഥ, അഭ്യസ്ഥ വിദ്യരായ യുവതലമുറ, വനിതകളുടെ സാമൂഹ്യ പുരോഗതി എന്നിവ ജില്ലയുടെ വ്യവസായ പുരോഗതിയ്ക്ക് പിൻതുണയേകുന്ന ഘടകങ്ങളാണ്. പോര്‍ച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ കൊല്ലത്ത് നൂറുകണത്തിനു കശുവണ്ടി സംസ്കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ആകെ സംസ്കൃത കശുവണ്ടി കയറ്റുമതിയുടെ 75 ശതമാനവും കയ്യാളുന്ന കൊല്ലം ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്കരിച്ച കശുവണ്ടി കയറ്റുമതി കേന്ദ്രമായി തുടരുന്നു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ സേവനങ്ങളും സഹായ സൗകര്യങ്ങളും സംരംഭകന് നൽകുന്ന ജില്ലാ തലത്തിലുള്ള സ്ഥാപനമാണ് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം. അനുയോജ്യമായ സ്കീമുകൾ തിരിച്ചറിയുന്നതിനും, സാധ്യതാ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും, വായ്പാ സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള സഹായം, അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനും വ്യാവസായിക ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം സഹായിക്കുകയും വിലയേറിയ കൈത്താങ്ങ് സഹായം നൽകുകയും ചെയ്യുന്നു.
ചരിത്രപരമായി കേരളത്തിന് വ്യാവസായിക പ്രാധാന്യമുള്ള ഒരു ജില്ലയാണ് കൊല്ലം. ഇന്ത്യൻ റെയർ എർത്ത്‌സ് (സെൻട്രൽ പിഎസ്‌യു), കേരള സെറാമിക്‌സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് കൊല്ലം, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ആർപിഎൽ, കേരള അഗ്രോ-ഫ്രൂട്ട് പ്രൊഡക്‌ട്‌സ്, കാപെക്‌സ്, കെഎസ്‌സിഡിസി, കേരള ഫീഡ്‌സ് കരുനാഗപ്പള്ളി, കേരഫെഡ് കുലശേഖരപുരവും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് വൻകിട, ഇടത്തരം, സ്വകാര്യ സംരംഭങ്ങളും ജില്ലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. സമുദ്രോത്പന്നങ്ങളിലൂടെയും കശുവണ്ടി ഉൽപന്നങ്ങളിലൂടെയും വലിയ കയറ്റുമതി സാധ്യതയാണ് ജില്ല പ്രകടമാക്കിയത്. കൊല്ലത്തെ പ്രധാന മേഖലകൾ മാന്ദ്യം കാണിക്കുന്നുണ്ടെങ്കിലും ചെറുകിട വ്യാവസായിക മേഖലയിൽ കൊല്ലം മികച്ച വളർച്ചാ സാധ്യതയാണ് കാണിക്കുന്നത്. കയർ, കശുവണ്ടി എന്നിവയുടെ പ്രധാന മേഖലകളിൽ തിരിച്ചടി നേരിട്ടെങ്കിലും കൊല്ലത്തിന്റെ സാമ്പത്തിക വികസനത്തിന്റെ വേഗത നിലനിർത്തുന്നതിൽ കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.
ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രശസ്തമായ ആശ്രമം മൈതാനത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ വ്യവസായ കേന്ദ്രം കൊല്ലം KSRTC ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലം ജങ്ക്ഷന്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 66 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രചോദനാത്മകവും വ്യാവസായികമായി പ്രസക്തവുമായ മാസികകളുടെ ഒരു നല്ല ലൈബ്രറിയോടുകൂടിയ ഒരു ഇൻകുബേഷൻ സെന്റർ പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ റാങ്കിൽ കുറയാത്ത സാങ്കേതിക കഴിവുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനം ഇൻകുബേഷൻ സെന്ററില്‍ എപ്പോഴും സജ്ജമാണ്.
ജില്ലയിൽ ആറ് റവന്യൂ താലൂക്കുകളുണ്ടെങ്കിലും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ കൊല്ലം, കരുനാഗപ്പള്ളി (കുന്നത്തൂർ താലൂക്ക് ഉൾപ്പെടെ), പത്തനാപുരം (പുനലൂർ താലൂക്ക് ഉൾപ്പെടെ), കൊട്ടാരക്കര താലൂക്കുകളിലായി നാല് താലൂക്ക് വ്യവസായ ഓഫീസുകളുണ്ട്.