അടിസ്ഥാന സൗകര്യങ്ങൾ
ജില്ലയിലെ വ്യവസായ വളർച്ചയുടെ നെടും തൂണായി പ്രവർത്തിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രവും, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുമാണ്. ഈ ഓഫീസുകൾ യഥാക്രമം മുട്ടിലിലും , മാനന്തവാടി മിനി സിവിൽ സ്‌റ്റേഷനിലും പ്രവർത്തിക്കുന്നു. ജില്ലയിലെ വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ സിഡ്കോയുടെ നിയന്ത്രണത്തിൽ 14 ഷെഡുകളോട് കൂടിയുള്ള വ്യവസായ പാർക്ക് പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ വൈത്തിരി പഞ്ചായത്തിൽ കിൻഫ്രായുടെ വ്യവസായ എസ്‌റ്റേറ്റ് 50 ഏക്കറിൽ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും എസ്‌റ്റേറ്റിൽ പുതിയ സംരംഭങ്ങൾക്ക് നൽകാൻ സ്ഥലം ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.
ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ
റയിൽവേ, വ്യോമ ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെ ജില്ലയിലില്ല. കൽപ്പറ്റയിൽ നിന്നും ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ 75 കി.മീ അകലെ കോഴിക്കോട് സ്ഥിതി ചെയ്യുന്നു. റോഡ് ഗതാഗതം മാത്രമേ ജില്ലയിൽ നിലവിലുള്ളൂ. ബസ്സ് സർവ്വീസ്, ടെലിഫോൺ സേവനം എന്നിവ ലഭ്യമാണ്. കോഴിക്കോടിനേയും കൊല്ലഗലിനേയും (മൈസൂർ) ബന്ധിപ്പിക്കുന്ന എൻ എച്ച് 766 ജില്ലയിലെ പ്രധാന ദേശീയ പാതയാണ്. മേപ്പാടി – ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി – പാട്ടവയൽ, മാനന്തവാടി – കുടക് എന്നിവയാണ് ജില്ലയിലെ മറ്റ് അന്തർ സംസ്ഥാന പാതകൾ. കൈനാട്ടി – മാനന്തവാടി, മീനങ്ങാടി – പനമരം, സുൽത്താൻ ബത്തേരി – പെരിക്കല്ലൂർ, മാനന്തവാടി – കുറ്റിയാടി, മാനന്തവാടി – കണ്ണൂർ എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന പാതകൾ. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലായി മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ജില്ലയിലുണ്ട്.
വിനോദ സഞ്ചാര മേഖല
കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രകൃതി വൈവിധ്യങ്ങൾ കൊണ്ടും പാരമ്പര്യം കൊണ്ടും ചരിത്രശേഷിപ്പുകളാലും വ്യത്യസ്തമായ സ്ഥാനമാണ് വയനാട് ജില്ലയ്ക്കുള്ളത്. ജില്ലയിലെ മനോഹരമായ കാഴ്ചകൾ, കോടമഞ്ഞ്, മഞ്ഞ് മൂടിയ മലനിരകൾ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വെള്ളചാട്ടങ്ങൾ, പ്രകൃതി വിഭവങ്ങളാൽ നിബിഡമായ കുറുവാദ്വീപ് പോലുള്ള അത്ഭുതങ്ങൾ ഈ സുഗന്ധവ്യഞ്ജന കുന്നിനെ മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ജില്ലയിലെ ആദിവാസി സമൂഹങ്ങൾ മുളകൊണ്ടും, കാപ്പി മരം കൊണ്ടും, വാഴനാരിനാലും ഉൽപാദിപ്പിക്കുന്ന വിവിധ കരകൗശല വസ്തുക്കൾ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവും സാമ്പത്തിക ഉത്തേജവും നൽകുന്നുണ്ട്. കേരള സർക്കാർ വയനാടിന്റെ വിനോദ സഞ്ചാര മേഖലയുടെ അനന്തര സാധ്യതകൾ മനസ്സിലാക്കി അതിബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്.
സാമ്പത്തിക സ്ഥാപനങ്ങൾ
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഒരു ശാഖയും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സ്വകാര്യ മേഖലാ ബാങ്കുകളുടെയും നിരവധി ശാഖകൾ ജില്ലയിലുണ്ട്
തൊഴിൽ സാധ്യതകൾ
പൊതുവെ കാർഷിക ജില്ലയായ വയനാട് കൃഷിക്കാണ് പ്രാധാന്യം നൽകുന്നത്. 2011 ലെ സെൻസസ് പ്രകാരം കർഷകരുടെ എണ്ണം 52759 ഉം കർഷക തൊഴിലാളികൾ 101630 ഉം ആണ്. ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 17250 ഉം തൊഴിലവസരത്തിനായി എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിൽ ഏകദേശം 100000 പേർ പേര് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.