കൊച്ചി: വെളളം കുടിക്കുമ്പോള്‍ ദാഹം ശമിക്കുന്നതിനൊപ്പം ഊര്‍ജ്ജവും ഉണര്‍വ്വും കൂടിയായാലോ. ഇത് പരീക്ഷിക്കാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ വ്യാപാര്‍ പ്രദര്‍ശന മേളയിലേക്കു വരൂ. ഗുണമേന്‍മയ്ക്കൊപ്പം ഈ വെള്ളത്തിന്‍റെ രുചിയിലും വൈവിധ്യമുണ്ട്. ഔഷധക്കൂട്ടുകളുടെ രുചിയാണ് ഒന്നിനെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്.

 
കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്‍കിയാണ് പ്രദര്‍ശന മേളയില്‍ അപര്‍മ എന്ന കുടിവെള്ള കമ്പനി പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഔഷധഗുണമുള്ള ഈ ശുദ്ധജലത്തിന്‍റെ വേറിട്ട രുചിയും ഗുണവും അറിയാന്‍ നിരവധി പേരാണ് വ്യാപാറിലെ സ്റ്റാളിലെത്തുന്നത്. വ്യത്യസ്ത ഫ്ളേവറുകള്‍ രുചിക്കുന്നവരാകട്ടെ ഇത് പുതിയ അനുഭവമാണെന്ന സാക്ഷ്യപ്പെടുത്തലും നല്‍കുന്നു.


കാല്‍സ്യം, മഗ്നേഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്‍റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്‍റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്ളേവേര്‍ഡ് വാട്ടര്‍, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്.

 
9 ഘട്ടങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോയാണ് അപര്‍മയുടെ കുടിവെള്ളം കുപ്പിയിലെത്തുന്നത്. പിഎച്ച് മൂല്യം അളക്കുന്നതാകട്ടെ ഏഴു ഘട്ടങ്ങളിലായിട്ടും. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് ഐഎസ്ഒ 22000-2018 ഗുണനിലവാര അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ 400, 750, 1000 മില്ലിലിറ്റര്‍ ബോട്ടിലുകളാണ് ലഭ്യമായിട്ടുള്ളത്.

കൊച്ചി: ചക്കയോടുള്ള സ്നേഹം നിമിത്തം ചക്കക്കൂട്ടം എന്ന വാട്സ്ആപ്പ് കൂട്ടായ്മയില്‍ നിന്നാണ് ചക്കക്കൂട്ടം ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയുടെ തുടക്കം. എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള വേളഞ്ചേരിയിലാണ് ഇവരുടെ ഫാക്ടറി. ആറ് ഉത്പന്നങ്ങളാണ് ഇവര്‍ പുറത്തിറക്കുന്നത്.

ഏതാണ്ട് അഞ്ച് വര്‍ഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലൊഴികെ ചക്ക ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. തിരുവനന്തപുരം ജില്ലയിലാണ് കൊല്ലത്തില്‍ ആദ്യ ചക്കയുണ്ടാകുന്നത്. ഏതാണ്ട് ഒക്ടോബര്‍ വരെ ഇടുക്കി ജില്ലയിലും ചക്ക ലഭിക്കുന്നു. നിലവില്‍ കേരളത്തിലുണ്ടാകുന്ന ചക്കയുടെ 60 ശതമാനവും പാഴായി പോവുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ചക്ക ഉത്പന്നങ്ങളുടെ സംരംഭം തുടങ്ങാന്‍ കൂട്ടായ്മ തീരുമാനിച്ചതെന്നും അശോക് പറഞ്ഞു.

ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്കപ്പഴം ഉണക്കിയത്, ചക്ക ജാം, ചക്ക അലുവ, ചക്കപ്പൊടി എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍. എണ്ണ ഉപയോഗിക്കാതെ എയര്‍ഫ്രൈ ചെയ്താണ് വറുവല്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യത്തിനും വളരെ പ്രധാനമാണിത്. നാരുകള്‍ ഏറെയടങ്ങിയ ഭക്ഷണപദാര്‍ത്ഥമെന്ന നിലയിലും പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയിലും ചക്ക ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും മികച്ച വിപണിയുണ്ട്. വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളോടെ ഈ വിപണിയില്‍ ചുവടുറപ്പിക്കാനാണ് ചക്കക്കൂട്ടം ലക്ഷ്യം വയ്ക്കുന്നത്.

റബര്‍ ഉത്പന്നങ്ങളിലെ പുതിയ താരോദയമാണ് വ്യായാമത്തിനുള്ള ജിം മാറ്റ്. റബര്‍ പാല്‍ ഉത്പാദനത്തില്‍ മുമ്പിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ വ്യവസായിക വളര്‍ച്ചയില്ലെന്ന പരാതിയ്ക്ക് പരിഹാരമാണ് കോട്ടയത്തെ കോണ്‍സോ റബറിന്‍റെ ഈ  വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍. പലവിധ ഉപയോഗത്തിനുള്ള റബര്‍ മാറ്റുകള്‍ വിപണിയിലുണ്ടെങ്കിലും ആരോഗ്യജീവിതത്തിനുതകുന്ന ഉത്പന്നങ്ങളാണ് കേരളത്തിലെ റബര്‍ വ്യവസായത്തിലെ പുതിയ താരം. ഗാര്‍ഹികാവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള യോഗ-ജിം മാറ്റുകളാണ് വിപണിയിലേക്കെത്തിയിരിക്കുന്നത്.

നിലവില്‍ ഓണ്‍ലൈനായും അല്ലാതെയും ലഭിക്കുന്ന റബര്‍ മാറ്റുകള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. എന്നാല്‍ മിതമായ വിലയും മികച്ച ഉത്പന്നവുമാണ് കോണ്‍സോയുടേത്. കഴിഞ്ഞ 30 വര്‍ഷമായി റബര്‍ അധിഷ്ഠിത വ്യവസായം ചെയ്യുന്നവരാണ് കോണ്‍സോ ഗ്രൂപ്പ്. ഒരു മീറ്ററും അരമീറ്ററും ചതുരമായ നാല് ഭാഗങ്ങളായാണ് മാറ്റുകള്‍ ലഭിക്കുന്നത്. വളരെയെളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന ഇന്‍റര്‍ലോക്കുള്ളതിനാല്‍ തെന്നിപ്പോകില്ല. ചുരുട്ടി വയ്ക്കാവുന്നരീതിയിലുള്ള മാറ്റുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഫ്ളൂറസെന്‍റ് പെയിന്‍റ് ഡിസൈന്‍ ഉള്ളതിനാല്‍ രാത്രിയിലും ഇത് തിളങ്ങി നില്‍ക്കും. 6, 8, 10 മില്ലീമീറ്റര്‍ കനത്തിലുള്ള ഈ മാറ്റുകള്‍ വിവിധ നിറങ്ങളിലും ലഭ്യമാണ്.

ഓണ്‍ലൈനായി നിരവധി അന്വേഷണങ്ങളാണ് ജിം മാറ്റിന് ലഭിക്കുന്നതെന്ന് കോണ്‍സോയുടെ ഉടമ തോബിയാസ് പറഞ്ഞു. ഇലാസ്റ്റികിനാവശ്യമായ റബര്‍ നൂലുകളും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ കനത്തില്‍ ലഭിക്കുന്ന ഇവയ്ക്ക് ഇന്ത്യയ്ക്ക് വെളിയിലും നിരവധി ആവശ്യക്കാരുണ്ട്.പത്തോളം ഉത്പന്നങ്ങളാണ് കോണ്‍സോ നിര്‍മ്മിക്കുന്നത്. സ്റ്റേബിള്‍ മാറ്റുകള്‍, തൊഴുത്തിലിടാനുള്ള മാറ്റ്, റബര്‍ വിരി ടൈല്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്.

രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകള്‍ വ്യാപാര്‍ 2022 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ത്വക്ക് രോഗങ്ങള്‍, പാടുകള്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതാണ് യോഗയ്ക്കും ധ്യാനത്തിനുമൊക്കെ ഉപയോഗിക്കാവുന്ന മാറ്റുകളുടെ പ്രത്യേകത.

ജവഹര്‍ലാല്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകളെക്കുറിച്ചും തുണിത്തരങ്ങളെക്കുറിച്ചും നിരവധി പ്രതിനിധികള്‍ അന്വേഷണങ്ങളുമായി എത്തുന്നുണ്ട്. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ദേശവ്യാപക വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് വ്യാപാര്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

തലസ്ഥാനനഗരിയിലെ ബാലരാമപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആയുര്‍വസ്ത്ര ടെക്സ്റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്റ്റാളിലാണ് ഏഴ് ഔഷധക്കൂട്ടുകളുള്ള ലായനിയില്‍ നൂലുകള്‍ ഡൈ ചെയ്തെടുത്ത് നിര്‍മ്മിക്കുന്ന യോഗാ മാറ്റും, തുണിത്തരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംരംഭത്തെക്കുറിച്ചറിയാനും പങ്കാളിത്തത്തിനതീതമായി  രാജ്യത്തുടനീളമുള്ള ബയര്‍മാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയുര്‍വേദക്കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബെഡ്ഷീറ്റുകള്‍ക്കും മറ്റു ഉല്‍പ്പന്നങ്ങള്‍ക്കും കൂടുതല്‍  ആവശ്യക്കാരുണ്ടെന്നും അടുത്തിടെയായി വിദേശത്തുനിന്നും യോഗാ മാറ്റിനായി  അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും സ്ഥാപനത്തിന്‍റെ ജനറല്‍ മാനേജര്‍ ആദര്‍ശ് എം.പി പറഞ്ഞു.

ഔഷധ ഗുണം ചേര്‍ത്ത് നിര്‍മ്മിക്കുന്ന കുഞ്ഞുടുപ്പ്, ബെഡ്ഷീറ്റ്, തലയണ കവര്‍, ടവ്വല്‍ എന്നിവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്. യോഗാ മാറ്റുകളും ഔഷധഗുണം ചേര്‍ത്ത് നിര്‍മ്മിക്കുന്ന തുണിത്തരങ്ങളും  ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, അമേരിക്ക, ഹോളണ്ട്, ബ്രസീല്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുണ്ട്. ഖാദി, ലിനന്‍, കൈത്തറി ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ക്ക് മഞ്ഞ നിറത്തിന് മൂന്ന് തരത്തിലുളള മഞ്ഞളാണ് ഉപയോഗിക്കുന്നത്.  തുളസി, കടുക്ക, മാവില എന്നിവയും മറ്റു നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.

 

 

കൊച്ചി: ചെറുതേനിലെ ഏഴോളം വൈവിദ്ധ്യങ്ങള്‍, തേന്‍ മെഴുക് കൊണ്ടുള്ള ക്രീമുകള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022. എംഎസ്എംഇ മേഖലയില്‍ അനന്തസാധ്യതകളാണ് തേന്‍വ്യവസായം മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ ആദ്യ ഹണി മ്യൂസിയം വയനാട്ടില്‍ ആരംഭിച്ചു കഴിഞ്ഞു.

ചെറുതേന്‍, വന്‍തേന്‍, കാട്ടുതേന്‍ ഇങ്ങനെ മാത്രമായിരുന്നു കേരളത്തിലെ തേനീച്ച കര്‍ഷകര്‍ക്കുണ്ടായിരുന്ന വൈവിദ്ധ്യങ്ങള്‍. എന്നാല്‍ ചെറുതേനില്‍ മാത്രം ഏഴോളം വ്യത്യസ്തകള്‍ കണ്ടെത്തി മികച്ച മൂല്യവര്‍ധനം നടത്തിയാണ് കേരളത്തിലെ സംരംഭകര്‍ മുന്നോട്ടു പോകുന്നത്. തുളസി, അയമോദകം, കടുക്, മല്ലി, റമ്പുട്ടാന്‍, ഉങ്ങ്, ഇലന്ത മുതലായവയുടെ പൂവില്‍ നിന്ന് പ്രത്യേകമായി ശേഖരിക്കുന്ന തേനാണ് ഇതില്‍ പ്രധാനം. ഔഷധമൂല്യം കൂടുതലുള്ളതിനാല്‍ രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാര്‍ ഇതിനുണ്ട്.

തേനീച്ചകളെയും തേനിനെക്കുറിച്ചുമുള്ള സമ്പൂര്‍ണ മ്യൂസിയമാണ് വയനാട്ടില്‍ സ്വകാര്യ സംരംഭകനായ റെഫീഖ് തുടങ്ങിയത്. തേന്‍ രുചിക്കല്‍, തേനീച്ച പരിചരണം, തേനെടുക്കല്‍, മുതലായവ അനുഭവവേദ്യമാക്കുന്നതിനൊപ്പം തേനീച്ച വളര്‍ത്തല്‍, തേനിന്‍റെ ഗുണമേന്‍മ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ നിവാരണം ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തേനീച്ച കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് പത്തനംതിട്ടയിലെ സംരംഭകനായ അനൂപ് ബേബി സാം. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 500 ലേറെ വന്‍തേന്‍ കോളനികളും 200 ഓളം ചെറുതേനീച്ച കോളനികളും നടത്തുന്നു. അഞ്ചര ടണ്ണാണ് അദ്ദേഹം ഒരു വര്‍ഷം ശരാശരി ഉത്പാദിപ്പിക്കുന്ന തേന്‍.

തേനിനു പുറമേ തേനീച്ചക്കൂടുകള്‍, സുരക്ഷിതമായി തേനെടുക്കാനുള്ള ഉപകരണങ്ങള്‍, തേന്‍മെഴുകില്‍ നിന്നുള്ള ക്രീം,  എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അനൂപ് പറഞ്ഞു. കേട്ടറിഞ്ഞ് തന്നെ നിരവധി പേര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേനിനു പുറമെ തേനീച്ചക്കൂടുകളും കോളനികളും വിപണനം നടത്തി ലാഭകരമായ സംരംഭം നടത്തുകയാണ് കൊല്ലം സ്വദേശി അയൂബ് ഖാന്‍. തേന്‍ മേടിക്കുന്നവരില്‍ പലരും സ്വന്തമായി ഒരു തേനീച്ച കോളനിയെങ്കിലും വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏറെ സാധ്യതയുള്ളതാണ് തേനീച്ച സംരംഭമെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക വ്യവസായമായതിനാല്‍ നിരവധി പദ്ധതികള്‍ ഇതില്‍ സംയോജിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധനത്തില്‍ വലിയ സാധ്യതയില്ലെങ്കിലും അനുബന്ധ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ സംരംഭകര്‍ മുന്നോട്ടു വരുന്നത് പ്രോത്സാഹനജനകമാണെന്ന് കെബിപ്പ് സി.ഇ.ഒ സൂരജ് എസ് പറഞ്ഞു.

കൊച്ചി  ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം  ബയര്‍മാരും  മൂന്നൂറിലധികം  എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.