കൊച്ചി: ചെറുതേനിലെ ഏഴോളം വൈവിദ്ധ്യങ്ങള്‍, തേന്‍ മെഴുക് കൊണ്ടുള്ള ക്രീമുകള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022. എംഎസ്എംഇ മേഖലയില്‍ അനന്തസാധ്യതകളാണ് തേന്‍വ്യവസായം മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ ആദ്യ ഹണി മ്യൂസിയം വയനാട്ടില്‍ ആരംഭിച്ചു കഴിഞ്ഞു.

ചെറുതേന്‍, വന്‍തേന്‍, കാട്ടുതേന്‍ ഇങ്ങനെ മാത്രമായിരുന്നു കേരളത്തിലെ തേനീച്ച കര്‍ഷകര്‍ക്കുണ്ടായിരുന്ന വൈവിദ്ധ്യങ്ങള്‍. എന്നാല്‍ ചെറുതേനില്‍ മാത്രം ഏഴോളം വ്യത്യസ്തകള്‍ കണ്ടെത്തി മികച്ച മൂല്യവര്‍ധനം നടത്തിയാണ് കേരളത്തിലെ സംരംഭകര്‍ മുന്നോട്ടു പോകുന്നത്. തുളസി, അയമോദകം, കടുക്, മല്ലി, റമ്പുട്ടാന്‍, ഉങ്ങ്, ഇലന്ത മുതലായവയുടെ പൂവില്‍ നിന്ന് പ്രത്യേകമായി ശേഖരിക്കുന്ന തേനാണ് ഇതില്‍ പ്രധാനം. ഔഷധമൂല്യം കൂടുതലുള്ളതിനാല്‍ രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാര്‍ ഇതിനുണ്ട്.

തേനീച്ചകളെയും തേനിനെക്കുറിച്ചുമുള്ള സമ്പൂര്‍ണ മ്യൂസിയമാണ് വയനാട്ടില്‍ സ്വകാര്യ സംരംഭകനായ റെഫീഖ് തുടങ്ങിയത്. തേന്‍ രുചിക്കല്‍, തേനീച്ച പരിചരണം, തേനെടുക്കല്‍, മുതലായവ അനുഭവവേദ്യമാക്കുന്നതിനൊപ്പം തേനീച്ച വളര്‍ത്തല്‍, തേനിന്‍റെ ഗുണമേന്‍മ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ നിവാരണം ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തേനീച്ച കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് പത്തനംതിട്ടയിലെ സംരംഭകനായ അനൂപ് ബേബി സാം. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 500 ലേറെ വന്‍തേന്‍ കോളനികളും 200 ഓളം ചെറുതേനീച്ച കോളനികളും നടത്തുന്നു. അഞ്ചര ടണ്ണാണ് അദ്ദേഹം ഒരു വര്‍ഷം ശരാശരി ഉത്പാദിപ്പിക്കുന്ന തേന്‍.

തേനിനു പുറമേ തേനീച്ചക്കൂടുകള്‍, സുരക്ഷിതമായി തേനെടുക്കാനുള്ള ഉപകരണങ്ങള്‍, തേന്‍മെഴുകില്‍ നിന്നുള്ള ക്രീം,  എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അനൂപ് പറഞ്ഞു. കേട്ടറിഞ്ഞ് തന്നെ നിരവധി പേര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേനിനു പുറമെ തേനീച്ചക്കൂടുകളും കോളനികളും വിപണനം നടത്തി ലാഭകരമായ സംരംഭം നടത്തുകയാണ് കൊല്ലം സ്വദേശി അയൂബ് ഖാന്‍. തേന്‍ മേടിക്കുന്നവരില്‍ പലരും സ്വന്തമായി ഒരു തേനീച്ച കോളനിയെങ്കിലും വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏറെ സാധ്യതയുള്ളതാണ് തേനീച്ച സംരംഭമെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക വ്യവസായമായതിനാല്‍ നിരവധി പദ്ധതികള്‍ ഇതില്‍ സംയോജിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധനത്തില്‍ വലിയ സാധ്യതയില്ലെങ്കിലും അനുബന്ധ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ സംരംഭകര്‍ മുന്നോട്ടു വരുന്നത് പ്രോത്സാഹനജനകമാണെന്ന് കെബിപ്പ് സി.ഇ.ഒ സൂരജ് എസ് പറഞ്ഞു.

കൊച്ചി  ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം  ബയര്‍മാരും  മൂന്നൂറിലധികം  എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.