കൊച്ചി: ചക്കയോടുള്ള സ്നേഹം നിമിത്തം ചക്കക്കൂട്ടം എന്ന വാട്സ്ആപ്പ് കൂട്ടായ്മയില്‍ നിന്നാണ് ചക്കക്കൂട്ടം ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയുടെ തുടക്കം. എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള വേളഞ്ചേരിയിലാണ് ഇവരുടെ ഫാക്ടറി. ആറ് ഉത്പന്നങ്ങളാണ് ഇവര്‍ പുറത്തിറക്കുന്നത്.

ഏതാണ്ട് അഞ്ച് വര്‍ഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലൊഴികെ ചക്ക ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. തിരുവനന്തപുരം ജില്ലയിലാണ് കൊല്ലത്തില്‍ ആദ്യ ചക്കയുണ്ടാകുന്നത്. ഏതാണ്ട് ഒക്ടോബര്‍ വരെ ഇടുക്കി ജില്ലയിലും ചക്ക ലഭിക്കുന്നു. നിലവില്‍ കേരളത്തിലുണ്ടാകുന്ന ചക്കയുടെ 60 ശതമാനവും പാഴായി പോവുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ചക്ക ഉത്പന്നങ്ങളുടെ സംരംഭം തുടങ്ങാന്‍ കൂട്ടായ്മ തീരുമാനിച്ചതെന്നും അശോക് പറഞ്ഞു.

ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്കപ്പഴം ഉണക്കിയത്, ചക്ക ജാം, ചക്ക അലുവ, ചക്കപ്പൊടി എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍. എണ്ണ ഉപയോഗിക്കാതെ എയര്‍ഫ്രൈ ചെയ്താണ് വറുവല്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യത്തിനും വളരെ പ്രധാനമാണിത്. നാരുകള്‍ ഏറെയടങ്ങിയ ഭക്ഷണപദാര്‍ത്ഥമെന്ന നിലയിലും പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയിലും ചക്ക ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും മികച്ച വിപണിയുണ്ട്. വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളോടെ ഈ വിപണിയില്‍ ചുവടുറപ്പിക്കാനാണ് ചക്കക്കൂട്ടം ലക്ഷ്യം വയ്ക്കുന്നത്.