ടെക്നോളജി ക്ലിനിക് 2026

കേന്ദ്ര ആവിഷ്കൃത റാംപ് (RAMP - Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യകൾ' (Food Preservation Techniques) എന്ന വിഷയത്തിൽ ഒരു ദിവസത്തെ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. 2026 മാർച്ച് 27-ന് അടിമാലി റേഞ്ചേഴ്സ് ഹോട്ടലിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെയായിരുന്നു പരിപാടി.

ഉദ്ഘാടന ചടങ്ങിൽ ഇടുക്കി അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ (ADIO) ശ്രീ. വിനോദ് കെ.എസ്. സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (GM) ശ്രീമതി. ലിസിയാമ്മ സാമുവൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഗോള വിപണിയിൽ പ്രാദേശിക സംരംഭകർക്ക് പിടിച്ചുനിൽക്കാനും മത്സരിക്കാനും ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ മാനേജർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഐ.ഇ.ഒ. (IEO) ശ്രീ. സാബു എ.പി. നന്ദി പ്രകാശനം നടത്തി.

ഡി.ആർ.ഡി.ഒ - ഡി.എഫ്.ആർ.എൽ (DRDO - DFRL) മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ബി.ആർ. അനിൽകുമാർ സാങ്കേതിക സെഷന് നേതൃത്വം നൽകി. ഭക്ഷ്യസംസ്കരണത്തിലെ ആധുനിക ശാസ്ത്രീയ മാർഗ്ഗങ്ങൾ, ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് (ഗുണനിലവാര കാലാവധി) വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ പാക്കിംഗ് രീതികൾ, ഇടുക്കിയിലെ പ്രധാന വിളകളായ സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ മൂല്യവർദ്ധന സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ (FSSAI), ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി സംരംഭകരെ സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും സജ്ജീകരിച്ചിരുന്നു. ഏകജാലക പോർട്ടൽ വഴി വേഗത്തിൽ ബിസിനസ്സ് അനുമതികൾ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കെ-സ്വിഫ്റ്റ് (K-SWIFT) ഹെൽപ്പ് ഡെസ്കും, രജിസ്ട്രേഷൻ നടപടികളും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഉദ്യം (UDYAM) രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കും വിശദീകരിച്ചു നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 സംരംഭകരും വ്യവസായ വകുപ്പിലെ 9 ഉദ്യോഗസ്ഥരും ക്ലിനിക്കിൽ പങ്കെടുത്തു. വൈകുന്നേരം 4:00 മണിയോടെ പരിപാടി വിജയകരമായി സമാപിച്ചു.

ബാങ്കേഴ്സ് മീറ്റ് 2025

 

പെയിന്റിംഗ് കോമ്പറ്റീഷൻ

കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി ഡയറക്ടറേറ്റ് ഓഫ് ഹാൻഡ്‌ലൂംസും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 18 ശനിയാഴ്ച ഇടുക്കി ടൗൺ ന്യൂമാൻ എൽ.പി. സ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 280 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരവിജയികൾക്ക് പണപ്പരസ്കാരവും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് വസ്ത്രനിർമ്മാണത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും തുടര്‍ന്ന് രക്ഷിതാക്കൾക്കായി സമ്മാനങ്ങളോടെ ക്വിസ് മത്സരവും നടന്നു.

സമാപന സമ്മേളനത്തിൽ ഇടുക്കി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ശ്രീമതി സുഹ്റ പി. അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ലീസിയാമ്മ സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ. ഷിബുഷൈൻ വി.സി. സ്വാഗതം ആശംസിച്ചു. ന്യൂമാൻ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ആൻസി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഉദ്യോഗസ്ഥരുടെ ആശംസകൾക്ക് ശേഷം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി ശോഭമോൾ ടി.എ. നന്ദി രേഖപ്പെടുത്തി.

ദേശീയ കൈത്തറി ദിനാഘോഷം

 

     ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 7 വ്യാഴാഴ്ച കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് തിരുവനന്തപുരത്തിന്റേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കൈത്തറി ദിനാഘോഷം ഇടുക്കി ജില്ലയിലും സമുചിതമായി ആഘോഷിച്ചു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിന് സീനിയർ സഹകരണ ഇൻസ്പെക്ടർ ശ്രീ. ജയേഷ് റ്റി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.ജി സത്യൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ലിസിയാമ്മ സാമുവൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഏറ്റവും കൂടുതൽ നെയ്ത മൂന്ന് നെയ്ത്തുകാരെ ചടങ്ങിൽ ആദരിക്കുകയും അനുമോദന പത്രം നൽകുകയും ചെയ്തു. പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ നെയ്ത്തുകാരായ ശ്രീമതി. ഹാജറ അലിയാർ, ശ്രീമതി. മേരി ടോമി, ശ്രീമതി. ആലീസ് തോമസ് എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ ്ഥാനങ്ങളിൽ എത്തിയത്. അവർക്ക് യഥാക്രമം 1000, 750, 500 രൂപാ വീതം ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കൈത്തറി മേഖലയുടെ പ്രാധാന്യം, കൈത്തറി ദിനാചരണത്തിന്റെ പ്രസക്തി മുതലായ വിഷയങ്ങളെക്കുറിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ (ഇൻചാർജ്) ശ്രീമതി. സിന്ധു പി.കെ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നെയ്ത്ത് തൊഴിലാളികൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ കഴിഞ്ഞ വർഷം നെയ്ത്ത് തൊഴിലിഷ ഏർപ്പെട്ടിരുന്ന 16 പേർക്കും ഓണസമ്മാനമായി 500/- രൂപാ വീതം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ലിസിയാമ്മ സാമുവൽ വിതരണം ചെയ്തു. തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ. വിശാഖ് പി.എസ്,   പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി ശ്രീമതി. സുമി പോൾ, പനംകുട്ടി കൈത്തറി സംഘത്തിലെ മുതിർന്ന നെയ്ത്തുകാരിൽ ഒരാളായ ശ്രീമതി. ആലീസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂനിയർ സഹകരണ ഇൻസ്പെക്ടറായ ശ്രീമതി. ശോഭാമോൾ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ നെയ്ത്തുകരുടേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജീവനക്കാരുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിൽ അൻപതിലധികം പേർ പങ്കെടുത്തു. എല്ലാവർക്കും ചായയും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം 2 മണിയോടുകൂടി ആഘോഷപരിപാടികൾ അവസാനിച്ചു.

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം